ചില ആളുകൾ വളരെയധികം സംസാരിക്കുന്നവർ ആയിരിക്കും. കൂടുതൽ ആളുകൾക്കും അങ്ങനെയുള്ളവരെ ആയിരിക്കും ഇഷ്ടം. അവർ പെട്ടെന്ന് മറ്റുള്ളവരുമായി ഇണങ്ങുമെന്നാണ് പറയുന്നത്. എന്നാൽ മറ്റു ചിലരാവട്ടെ അധികം സംസാരിക്കാറില്ല. പലരും അവരെ ജാഡയെന്നൊക്കെ വിളിച്ച് കളിയാക്കാറുണ്ട്. എന്തായിരിക്കും അങ്ങനെയുള്ളവരുടെ ഗുണങ്ങൾ.? അവരുടെ കുറവുകൾ മാത്രം നമ്മൾ കണ്ടെത്തുമ്പോൾ അവരിൽ ഒളിഞ്ഞുകിടക്കുന്ന ചില ഗുണങ്ങളെ പറ്റി നമ്മൾ അറിയാതെ പോവുകയാണ് ചെയ്യുന്നത്. കുറച്ചുമാത്രം സംസാരിക്കുന്ന ആളുകൾക്ക് എന്തെങ്കിലുമൊക്കെ ഗുണങ്ങൾ ഉണ്ടാവില്ലേ.? അത്തരം ആളുകളുടെ ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്.
കുറച്ചു മാത്രം സംസാരിക്കുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം നമ്മൾ ഒരു കാര്യം പറഞ്ഞാൽ അവർ അത് മുഴുവൻ ശ്രദ്ധിച്ച് കേട്ടതിനു ശേഷം മാത്രമേ മറുപടി പറയുകയുള്ളൂ. നമ്മൾ പറയുന്നതിനിടയ്ക്ക് കയറി അവരുടെ അഭിപ്രായം അവർ പറയില്ല. അങ്ങനെ പറയുമ്പോൾ ഉണ്ടാകുന്ന ഒരു ഗുണം എന്നുവച്ചാൽ, അവർ നമ്മൾ പറയുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായി തന്നെ ചിന്തിക്കും. അതിനു ശേഷമായിരിക്കും ഒരു തീരുമാനം എടുക്കുക. ആ തീരുമാനമാണ് അവർ നമ്മളെ അറിയിക്കുന്നത്. നമ്മൾ ഒരു അഭിപ്രായം പറയുമ്പോൾ തന്നെ അത് കേട്ട് ചാടികയറി ഒരു മറുപടി പറയുകയാണെങ്കിൽ നമുക്ക് ആ വിഷയത്തെപ്പറ്റി ചിന്തിക്കുവാനുള്ള സമയം ലഭിക്കുന്നില്ലന്നാണ് അർത്ഥം. ഏത് കാര്യത്തിൽ നമ്മൾ തീരുമാനമെടുത്താലും ഒരു രണ്ടു വട്ടമെങ്കിലും ആ കാര്യത്തെക്കുറിച്ച് നമ്മൾ ചിന്തിക്കണം. ഒരു വ്യക്തി ഒരു കാര്യം മുഴുവൻ പറഞ്ഞതിനു ശേഷമാണ് ഒരാൾ അഭിപ്രായം പറയുന്നതെങ്കിൽ ആ വിഷയത്തെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും അയാൾ അപ്പോൾ തന്നെ മനസ്സിൽ പ്ലാൻ ചെയ്തിട്ടുണ്ടാകും എന്നാണ് അതിനർത്ഥം. ഈ കാര്യം ചെയ്യുകയാണെങ്കിൽ ഇത്രയൊക്കെ ഗുണങ്ങളുണ്ടായിരിക്കും ഇത്രയൊക്കെ ദോഷങ്ങളുണ്ടായിരിക്കും എന്നൊക്കെ അവർ മനസ്സിലാക്കിയിട്ടുണ്ട്. അതിനുശേഷം മാത്രമേ അവർ മറുപടി പറയുകയുള്ളൂ. തീർച്ചയായും വളരെ കുറച്ച് സംസാരിക്കുന്നവരുടെ നല്ല ഒരു ശീലം തന്നെയാണ് ഇത്.
ഏതൊരാളും ശ്രദ്ധിച്ചിരിക്കുന്നത് അധികം സംസാരിക്കാത്ത ഒരാൾ സംസാരിക്കുമ്പോൾ ആയിരിക്കും. അതിനുകാരണം എന്താണെന്നുവെച്ചാൽ നമ്മൾ വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ നമ്മുടെ അഭിപ്രായം പറയുമ്പോൾ നമ്മുടെ അഭിപ്രായത്തിന് ഒരു വിലയും ഇല്ലാതെയായി പോവുകയാണ് ചെയ്യുക. അതേസമയം നമ്മൾ വേണ്ടിടത്ത് മാത്രം നമ്മുടെ അഭിപ്രായം പറയുകയാണെങ്കിൽ ആ അഭിപ്രായം എപ്പോഴും വിലമതിക്കപെടും.