ബീഹാറിലെ ഭഗൽപൂരിലെ സുൽത്താൻഗഞ്ച് ഗ്രാമത്തിൽ നിന്നാണ് മദ്യം കഴിച്ച് സ്വന്തം വിവാഹത്തിൽ പങ്കെടുക്കാൻ വരൻ മറന്നുപോയത്. വിവാഹ വേദിയിൽ വരനെ കാത്ത് വധുവും കുടുംബവും നിന്നെങ്കിലും ഇയാൾ എത്തിയില്ല. അടുത്ത ദിവസം ബോധം വീണ്ടെടുത്ത വരൻ വധുവിന്റെ വീട്ടിലെത്തിയെങ്കിലും വധു വിവാഹം കഴിക്കാൻ തയ്യാറായില്ല. തന്റെ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കാത്ത ഇത്തരമൊരാൾക്കൊപ്പം ജീവിതം ചെലവഴിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. വിവാഹചടങ്ങുകൾക്കായി ചെലവഴിച്ച പണം വരന്റെ വീട്ടുകാർ തിരികെ നൽകണമെന്നും വധുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടു.
വധുവിന്റെ ബന്ധുക്കൾ വരന്റെ ബന്ധുക്കളിൽ ചിലരെ ബന്ദികളാക്കിയതോടെയാണ് വിഷയം രൂക്ഷമായത്. പിന്നീട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ഇതോടെ പ്രശ്‌നം ഒത്തുതീർപ്പായതായി പോലീസ് അറിയിച്ചു. 2017ൽ മുസാഫർപൂരിൽ മദ്യപിച്ച നിലയിൽ വരൻ വിവാഹിതനാകാൻ എത്തിയപ്പോഴും സമാനമായ സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് വധുവിനെയും കുടുംബത്തെയും ചൊടിപ്പിച്ചതിനാൽ അവർ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും വരനെയും കുടുംബത്തെയും ബന്ദികളാക്കുകയും ചെയ്തു. നൽകിയ സ്ത്രീധനം തിരികെ വാങ്ങിയ ശേഷം മാത്രമാണ് വരനെയും ബന്ധുക്കളെയും വിട്ടയച്ചത്.