മണ്ണിനെ പുണർന്ന് വെള്ളിനൂലുകൾ പോലെ പെയ്തുതോർന്ന മഴ. മഴ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്.? എല്ലാവർക്കും പ്രിയപ്പെട്ട ഒരു പ്രതിഭാസമാണ് മഴയെന്ന് പറയുന്നത്.. പ്രത്യേകിച്ച് എഴുത്തുകാർക്കും കലാകാരന്മാർക്കും മഴയെന്നും ഒരു പുതിയ അനുഭവമാണ്. അവരുടെ പുതിയ സൃഷ്ടികൾക്ക് വേണ്ടിയുള്ളൊരു മുന്നൊരുക്കമാണ് മഴയെന്ന് പറയുന്നത്. സത്യത്തിൽ മഴ എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് ചോദിച്ചാൽ കുട്ടിക്കാലം മുതലേ നമ്മൾ പഠിച്ച ഒരു ഉത്തരത്തിലായിരിക്കും നമ്മൾ എത്തുക. നീരാവി ഘനീഭവിച്ചാണത്രേ മഴയുണ്ടാകുന്നത്. കുട്ടിക്കാലം മുതലേ പാഠപുസ്തകങ്ങളിൽ നമ്മൾ പഠിച്ചു വന്നോരു ഭാഗം. ഇപ്പോഴും ആരെങ്കിലും ചോദിച്ചാൽ നമ്മൾ ഏറ്റു പറയുന്നത് ഇങ്ങനെ തന്നെയായിരിക്കും.
എന്നാൽ പാഠപുസ്തകങ്ങളിൽ നമ്മൾ പഠിച്ചിട്ടുള്ളതിന്റെ അപ്പുറം എന്താണ് മഴ.? മഴയുണ്ടാകുന്നതെങ്ങനെയും ആവട്ടെ, മഴ ഉണ്ടായില്ലെങ്കിൽ എന്തായിരിക്കും നമ്മുടെ ഭൂമിയിൽ സംഭവിക്കുന്നത്.? കുറച്ചുകാലം മഴ ഉണ്ടാവാതെ ഇരിക്കുമ്പോൾ പോലും നമുക്ക് മനസ്സിലാക്കാൻ സാധിക്കും വരൾച്ച എത്ര ഭീകരമാണെന്ന്. ചില പ്രാന്തപ്രദേശങ്ങളിലുള്ള ആളുകൾ വെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥകൾ ഒക്കെ നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ മഴ പൂർണമായും നമ്മുടെ ലോകത്തോട് വിട പറയുകയാണെന്ന് വെക്കുക. അങ്ങനെയാണെങ്കിൽ എന്തായിരിക്കും നമ്മുടെ ലോകത്തിൽ സംഭവിക്കുന്നത്.
ആദ്യം തന്നെ ജന്തുജാലങ്ങളെല്ലാം ചത്തൊടുങ്ങും എന്ന് പറയണം. കാരണം എന്താണെന്ന് വെച്ചാൽ മഴവെള്ളത്തിലൂടെയാണ് സസ്യങ്ങൾളിൽ പുതുനാമ്പുകൾ ഉണ്ടാകുന്നത്. ജലം ലഭിക്കാതെ ആകുമ്പോൾ സസ്യങ്ങൾ പതുക്കെ പതുക്കെ നശിക്കാൻ തുടങ്ങും. അവ ഉണങ്ങി നശിച്ചുപോകും. അതോടെ സസ്യങ്ങളെ ഭക്ഷണമാക്കുന്ന ജീവജാലങ്ങളുടെ നിലനിൽപ്പിനെ അത് ബാധിക്കും. ഭക്ഷണം ലഭിക്കാതെ വരുന്നതോടെ ഈ ജീവജാലങ്ങൾക്ക് വംശനാശം എന്ന അവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങും. സസ്യങ്ങളെ ഭക്ഷിക്കുന്ന ജീവികൾ വംശനാശത്തിൽ ഉൾപ്പെടുന്നതോടെ മാംസം ഭക്ഷിക്കുന്ന ജീവികളുടെ നിലനിൽപ്പിനെയും അത് ബാധിക്കാൻ തുടങ്ങും.
കാരണം ഈ ജീവികൾ വംശനാശത്തിൽ എത്തുന്നതോടെ ഇവയെ ആഹാരമാക്കുന്ന ജീവികളും വംശനാശത്തിൽ എത്തും. മനുഷ്യൻറെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഭക്ഷണമില്ലാതെ മൂന്നാഴ്ച വരെ പിടിച്ചുനിൽക്കാൻ സാധിക്കുന്നോരു ജീവിയാണ് മനുഷ്യനെങ്കിലും ജലമില്ലാതെ മൂന്നു ദിവസം പോലും ജീവിക്കാൻ കഴിയാത്തൊരു അവസ്ഥ കൂടി മനുഷ്യനുണ്ടെന്ന് മനസ്സിലാക്കണം. പൂർണമായും ജലത്തിൻറെ അളവ് കുറയുന്നതോടെ ഓക്സിജന്റെ അളവ് ഭൂമിയിൽ കുറയും.കാർബൺ ഡൈ ഒക്സൈഡ് അളവ് കൂടും.