ഒരു കുറ്റകൃത്യം നടക്കുമ്പോൾ പോലീസ് അതിന്റെ അന്വേഷണത്തിൽ കഠിനാധ്വാനം ചെയ്യുകയും കുറ്റവാളിയെ കണ്ടെത്തുന്നതിനായി പലതരം തെളിവുകൾ ശേഖരിക്കുകയും ചെയ്യുന്നത് നിങ്ങൾ പലപ്പോഴും സിനിമകളിലോ സീരിയലുകളിലോ കണ്ടിരിക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങൾ അന്വേഷണത്തിനായി കണ്ടുകെട്ടാറുണ്ട്. കാഴ്ചയിൽ ചെറുതായി തോന്നുമെങ്കിലും വലിയ വിവരങ്ങൾ പോലീസ് ഉദ്യോഗസ്ഥർ അതിൽ നിന്ന് മനസ്സിലാക്കുന്നു. അടുത്തിടെ ചൈനീസ് പോലീസ് കൊതുകിൽ നിന്ന് കുറ്റവാളി ആരാണെന്നു കണ്ടെത്തിയിരുന്നു.
അതെ ഒരു കൊതുക് കുറ്റവാളിയിലേക്കുള്ള സൂചനകൾ നൽകി. ചൈനീസ് വാർത്താ വെബ്‌സൈറ്റായ ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഫുഷൗ നഗരത്തിൽ ഒരു അത്ഭുതകരമായ സംഭവം നടന്നു.കൊതുകിന്റെ രക്തത്തിൽ നിന്നാണ് കുറ്റവാളിയെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതെങ്ങനെ സാധ്യമാകുമെന്ന് നിങ്ങൾ ചിന്തിക്കും. അതിനെക്കുറിച്ച് നമുക്ക് നോക്കാം.
ഒരു റെസിഡൻഷ്യൽ ഏരിയയിലെ ഒരു അപ്പാർട്ട്‌മെന്റിൽ മോഷണം നടന്നു. വിവരമറിഞ്ഞു അന്വേഷണത്തിനായി പോലീസ് എത്തി. ഏറെ നേരം വീട് പൂട്ടിക്കിടന്നിരുന്നതിനാൽ ബാൽക്കണിയിലൂടെ തന്നെയായിരിക്കണം മോഷ്ടാവ് അകത്ത് കടന്നതെന്നാണ് പൊലീസ് നിഗമനം. വീടിന്റെ അടുക്കളയിൽ നിന്ന് പുഴുങ്ങിയ മുട്ട, അവശിഷ്ടമായ നൂഡിൽസ്, കീറിയ പുതപ്പ്, തലയിണ എന്നിവ കണ്ടെടുത്തപ്പോഴാണ് മോഷ്ടാവ് വീട്ടിൽ കുറച്ച് സമയം ചിലവഴിച്ച ശേഷം സാധനങ്ങൾ മോഷ്ടിച്ച് ഓടി രക്ഷപ്പെട്ടതെന്ന് പോലീസിന് മനസ്സിലായി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഭിത്തിയിൽ ചത്ത കൊതുകിനെ പൊലീസ് കണ്ടെത്തിയത്. ഭിത്തിയിൽ തങ്ങിനിന്ന കൊതുകിന്റെ ശരീരത്തിൽനിന്നും രക്തത്തുള്ളികളും പുറത്തേക്ക് വന്നിരുന്നു.
കുറ്റകൃത്യം നടന്ന് 19 ദിവസത്തിന് ശേഷം കുറ്റവാളിയെ പിടികൂടിയതായി ഓഡിറ്റി സെൻട്രൽ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ആ രക്തം ഉപയോഗിച്ച് ഡിഎൻഎ പരിശോധന നടത്താൻ പോലീസ് പദ്ധതിയിട്ടിരുന്നു. നീണ്ട ക്രിമിനൽ റെക്കോർഡുള്ള ചായ് എന്ന ക്രിമിനലിന്റെ ഡിഎൻഎയുമായി ആ ഡിഎൻഎ പൊരുത്തപ്പെടുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 19 ദിവസത്തിന് ശേഷം ഇയാളെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ആ വീടിനൊപ്പം 3 വീടുകളിൽ കൂടി ഇതിനിടയിൽ താൻ മോഷണം നടത്തിയതായി സമ്മതിച്ചു. ഇപ്പോൾ കസ്റ്റഡിയിലെടുത്ത് കോടതിയിൽ വിചാരണ നടന്നുവരികയാണ്.