ആത്മവിശ്വാസമെന്നു പറയുന്നത് ഏതൊരു വ്യക്തിക്കും അത്യാവശ്യമായ കാര്യമാണ്. ആത്മവിശ്വാസം ഇല്ലാതെ നമുക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കില്ല. ആത്മവിശ്വാസത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്.? അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.
എന്ത് കാര്യവും അമിതമായാലത് മോശമാണ്. അത് ആത്മവിശ്വാസം ആണെങ്കിലും അങ്ങനെ തന്നെയാണ്. എന്നാൽ നമുക്ക് നമ്മുടെ മേൽ ഒരു ഉറപ്പു വേണം. നമ്മളിലൊരു വിശ്വാസം വേണം. നമ്മൾ ചെയ്യുന്ന പ്രവർത്തികളിലും ഒരു വിശ്വാസം ഉണ്ടായിരിക്കണം. ആത്മവിശ്വാസമുള്ളവർ അവരുടെ ജോലിയിൽ വളരെയധികം കൃത്യത ഉള്ളവരായിരിക്കും. അതിനുവേണ്ടി അവർ പല മാർഗ്ഗങ്ങളും തിരഞ്ഞെടുക്കുകയും ചെയ്യും. തുടർച്ചയായി എന്തുകാര്യം ചെയ്യുമ്പോഴും അത് നമുക്ക് മടുപ്പുളവാക്കുന്ന കാര്യമാണ്. നമുക്ക് ഇഷ്ടമുള്ള ജോലി ആണെങ്കിൽ പോലും അത് അങ്ങനെ മാത്രമേ സംഭവിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ തുടർച്ചയായി ഒരു കാര്യവും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. ഇടവേളകൾ എടുത്ത് വേണം ഓരോ കാര്യങ്ങളും ചെയ്യാൻ. ജോലി ചെയ്യുകയാണെങ്കിലും പഠിക്കുകയാണെങ്കിലും നമ്മൾ നമ്മുടെ സമയത്തെ വളരെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുവാൻ പഠിക്കണം.
നമ്മുടെ സമയം കൃത്യതയോടെ ഉപയോഗിക്കുകയും എന്നാൽ ഇടവേളകൾ എടുക്കുകയും വേണം. ഉദാഹരണമായി 25 മിനിറ്റ് ആണ് നമ്മൾ പഠിക്കാൻ എടുക്കുന്നതെങ്കിൽ അതിൽ അഞ്ചുമിനിറ്റ് നമുക്ക് ഇടവേളകൾക്ക് വേണ്ടി മാറ്റി വയ്ക്കണം. അതിനുശേഷം നമ്മൾ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിൽ നമുക്ക് കൂടുതൽ ശ്രദ്ധിക്കാനും അത് കുറച്ചുകൂടി മികച്ചതാക്കുവാനും സാധിക്കും. ഇടവേളകൾ ആണ് ആളുകളുടെ ചിന്തകളെ കൂടുതൽ ഉണർത്തുന്നതും ഊർജസ്വലത നിലനിർത്തുന്നതും, ജോലി ചെയ്യുവാൻ ആളുകളെ സഹായിക്കുന്നതും.
അതുപോലെ സ്വന്തം കഴിവിൽ വിശ്വാസമുള്ള ഒരു വ്യക്തി ഒരിക്കലും മറ്റൊരാളുടെ വിജയത്തിൽ ദുഃഖിക്കുന്ന വ്യക്തി ആയിരിക്കില്ല. സ്വന്തം കഴിവിലുള്ള വിശ്വാസകുറവാണ് മറ്റൊരു വ്യക്തിയുടെ വിജയത്തിൽ ദുഃഖിക്കുവാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. മറ്റൊരാൾ ഉയരങ്ങൾ താണ്ടുമ്പോൾ നമ്മുടെ മനസ്സ് വേദനിക്കുന്നുണ്ടെങ്കിൽ ഓർത്തുകൊള്ളുക നിങ്ങൾക്ക് നിങ്ങളുടെ കഴിവുകളിൽ വിശ്വാസമില്ല. നിങ്ങളെ വിശ്വാസമില്ലാത്ത ഒരു വ്യക്തിയാണ് നിങ്ങൾ. മറ്റൊരാളുടെ വിജയങ്ങളിൽ ഒരിക്കലും നമ്മൾ വേദനിക്കാൻ പാടില്ല. ആ വിജയങ്ങളിൽ നമ്മളിൽ അസൂയപെടാൻ പാടില്ല. ഇതൊക്കെ ആത്മവിശ്വാസമില്ലായ്മയുടെ ലക്ഷണങ്ങൾ തന്നെയാണ്.