ജയിലിൽ നിന്ന് കേൾക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ നമ്മുടെ ഉള്ളിലേക്ക് ഒരു ഭയം വരും. കുറ്റകൃത്യത്തിന്റെ തോതനുസരിച്ചാണ് കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതും ജയിലിൽ അടച്ചിടുന്നതും. ഏതൊരു സാധാരണ മനുഷ്യൻറെ ഉള്ളിലും ഒരു കുറ്റവാളി ഉണ്ട്. ഒരുപക്ഷേ സാഹചര്യങ്ങൾ ആളുകളെ അതിൽ കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് അവർ ചെയ്യുന്ന ഭീകരമായ കുറ്റകൃത്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ അവയ്ക്ക് അനുയോജ്യമായ ജയിലുകൾ നമ്മുടെ ഈ ലോകത്തുണ്ട്. ലോകത്തിൻറെ വിവിധ കോണുകളിലായി ഒന്നിലധികം അപകടകരമായ ജയിലുകളുണ്ട്. അവിടുത്തെ ജയിൽ അന്തേവാസികളുടെ ജീവിതം എന്നത് നരക ജീവിതത്തിന് തുല്യമാണ്. എന്നാൽ മറ്റൊരു വിഭാഗം ജയിലുകൾ ആഡംബരത്തിന് പേരുകേട്ടവയാണ്. അതിനൊരു ഉദാഹരണ ജസ്റ്റിസ് സെന്റർ ലിയോബെൻ’ ജെയിൽ.കഴിഞ്ഞ 18 വർഷമായി അതിന്റെ മഹത്വത്തിനും ആഡംബര രീതികൾക്കും പേരുകേട്ട ഒരു ജയിലാണ് ഓസ്ട്രിയയിലെ ‘ജസ്റ്റിസ് സെന്റർ ലിയോബെൻ’.
ഓസ്ട്രിയയിലെ ലിയോബെനിലെ പർവതപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്ത ആർക്കിടെക്റ്റ് ജോസഫ് ഹോഹെൻസിനാണ് ഈ ജയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2004-ൽ നിർമ്മിച്ച ഈ ജയിലിന്റെ മദ്ധ്യ ഭാഗത്തായി ഒരു കോടതിയുമുണ്ട്.ചുരുക്കിപ്പറഞ്ഞാൽ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ പോലെ തോന്നിക്കുന്ന ഈ ജയിലിൽ ആകെ 205 തടവുകാർക്ക് മാത്രമാണ്. താമസ സൗകര്യമുള്ളത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഉള്ളത് പോലെ തന്നെ സ്പാ, ജിം, വിവിധ ഇൻഡോർ ഗെയിമുകൾ, വ്യക്തിഗത ഹോബികൾ പിന്തുടരുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ അത്യാധുനിക സൗകര്യങ്ങളും അന്തേവാസികൾക്ക് ഈ ജയിൽ നൽകുന്നുണ്ട്.
സാധാരണയായിതടവുകാർക്ക് ജയിലുകളിൽ ഒത്തുകൂടാൻ അനുവാദമുണ്ടായിരിക്കില്ല. കാരണം എല്ലാവരും കുറ്റവാളികൾ ആയതുകൊണ്ട് തന്നെ അതൊരുപക്ഷേ കലഹത്തിനും അക്രമത്തിനും ഇടയാക്കും. എന്നാൽ ഈ ജയിലിൽ അങ്ങനെയല്ല. ഇവിടെ 13 തടവുകാർക്ക് ഒരിടത്ത് ഒത്തുകൂടാനുള്ള അനുമതിയുണ്ട്. രണ്ട് തടവുകാർ പരസ്പരം സെൽ കൈമാറാനോ പങ്കിടാനോ ആഗ്രഹിക്കുന്നുവെങ്കിൽ അതിനും യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളില്ല.
ജയിൽ കെട്ടിടത്തിന് ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഒരു പ്രതീതി ഉള്ളതുപോലെ തന്നെ അതിന്റെ സെല്ലുകൾ ഹോട്ടൽ മുറികൾ പോലെ ആഡംബരപൂർണ്ണമാണ്. ഇവിടെ ഓരോ സെല്ലിനും പ്രത്യേകം കുളിമുറിയും അടുക്കളയും സ്വീകരണമുറിയും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ തടവുകാർക്ക് ടിവി കാണാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, തടവുകാർക്ക് പുറത്തെ കാഴ്ചകൾ കാണാൻ കഴിയുന്ന തരത്തിൽ മുറിയിൽ പൂർണ്ണ വലിപ്പത്തിലുള്ള ജാലകവും ഒരുക്കിയിട്ടുണ്ട്.
ഓസ്ട്രിയയിലെ ഈ ആഡംബര ജയിലിൽ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ നീച കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുറ്റവാളികളെ പാർപ്പിക്കാറില്ല. ചെറിയ തരത്തിലുള്ള കുറ്റങ്ങൾ ചെയ്തതും ശിക്ഷ അനുഭവിക്കുന്നവരുമായ തടവുകാരെ മാത്രമാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ ആഡംബരപൂർണമായ ജയിലുകൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്നാൽ കുറ്റകൃത്യം ചെയ്ത ആളുകൾക്ക് തങ്ങൾ ചെയ്ത തെറ്റിനെ കുറിച്ച് സ്വയം മനസ്സിലാക്കാനും സ്വബോധം വരാനും ഒരു നല്ല അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി ജയിലിൽ നിന്ന് പുറത്തുവരുമ്പോൾ കുറ്റകൃത്യങ്ങളിൽ നിന്ന് മാറി സാധാരണ ജീവിതം നയിക്കാനുള്ള ഒരു മാനസികാവസ്ഥ തടവുകാരിൽ ഉണ്ടാകുന്നു.