മുസ്ലീങ്ങളേക്കാൾ കൂടുതൽ ഹിന്ദുക്കൾ താമസിക്കുന്ന പാകിസ്ഥാൻ നഗരം.

ഇസ്ലാമിക രാജ്യമായ പാകിസ്ഥാനിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് താമസിക്കുന്നത് ആരെയും അത്ഭുതപ്പെടുത്തും. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും സംബന്ധിച്ച വാർത്തകൾ എല്ലായ്പ്പോഴും മാധ്യമങ്ങളിൽ പ്രധാനവാർത്തകളിലുണ്ട്. എന്നാൽ ഇത്തരം വാർത്തകളില്‍ ഒരിക്കലും ഇടംപിടിക്കാത്ത ഒരു നഗരം കൂടിയാണിത്. ഈ നഗരത്തിലെ മുസ്ലീങ്ങളേക്കാൾ കൂടുതൽ ജനസംഖ്യ ഹിന്ദുക്കളുണ്ടെന്നറിഞ്ഞാല്‍ നിങ്ങൾ ആശ്ചര്യപ്പെടും.

Mithi Pakistan
Mithi Pakistan

മിതി താർപാർക്കർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മിത്തി എന്നാണ് ഈ നഗരത്തിന്‍റെ പേര്. പാക്കിസ്ഥാനിലെ ലാഹോറിൽ നിന്ന് 875 കിലോമീറ്റർ അകലെയാണ് നഗരം. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് 340 കിലോമീറ്റർ അകലെയും. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്‍റെ സവിശേഷമായ ഒരു ഉദാഹരണം കൂടിയാണ് ഈ നഗരം. മിത്തിയിലെ മൊത്തം ജനസംഖ്യ 87,000-മാണ്. അതിൽ 80 ശതമാനം ആളുകൾ ഹിന്ദുക്കളാണ്. പാകിസ്താൻ മുഴുവൻ 95 ശതമാനവും മുസ്ലീങ്ങളാണ്. ഈ നഗരത്തിൽ ഒരു മതോത്സവമോ സാംസ്കാരിക പരിപാടിയോ നടക്കുമ്പോഴെല്ലാം ഹിന്ദു മുസ്ലീം മതങ്ങളിലെ ആളുകൾ ഒരുമിച്ച് പങ്കെടുക്കുന്നുവെന്ന് പറയപ്പെടുന്നു.

ഈ നഗരത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ദീപാവലിയും ഈദും ഒരുമിച്ച് ആഘോഷിക്കുന്നുവെന്ന് പറയപ്പെടുന്നു. മിത്തിയിൽ ഹിന്ദുക്കൾ മുഹറത്തിന്‍റെ ഘോഷയാത്രകളിൽ പങ്കെടുക്കുകയും ചിലപ്പോൾ മുസ്‌ലിംകളുമായി ഉപവസിക്കുകയും ചെയ്യുന്നു. ഈ നഗരത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് പാകിസ്ഥാനിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇവിടെ കുറ്റകൃത്യങ്ങളുടെ നിരക്ക് വെറും രണ്ട് ശതമാനം മാത്രമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം മതപരമായ അസഹിഷ്ണുത ഇവിടെ ഒരിക്കലും കാണില്ല എന്നതാണ്.

നഗരത്തിൽ നിരവധി ക്ഷേത്രങ്ങളുണ്ട്. അതിൽ ഏറ്റവും പ്രശസ്തമായത് ശ്രീകൃഷ്ണ ക്ഷേത്രമാണ്. ഇവിടുത്തെ ക്ഷേത്രങ്ങളിൽ ഹിന്ദുക്കൾ ആരാധിക്കുമ്പോൾ സ്പീക്കർ വലിയ ശബ്ദത്തിൽ ഇടാറില്ലന്നും മാത്രമല്ല, മുസ്ലിങ്ങളുടെ നമസ്കാര സമയത്ത് ക്ഷേത്രങ്ങളിൽ മണി മുഴക്കാറില്ലെന്നും പറയപ്പെടുന്നു. 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം മിത്തിയിലെത്തിയപ്പോൾ ഒറ്റരാത്രികൊണ്ട് ഇവിടെ നിന്ന് പലായനം ചെയ്യേണ്ടിവന്നുവെന്ന് ഇവിടത്തെ മുസ്‌ലിംകൾ പറയുന്നു. എന്നിരുന്നാലും പിന്നീട് ഇവിടെ താമസിക്കുന്ന ഹിന്ദുക്കൾ വീണ്ടും ഇവിടെ താമസിക്കാൻ അവരെ പ്രേരിപ്പിച്ചു. അതിനുശേഷം വീണ്ടും ഇവിടെ മുസ്ലിങ്ങള്‍ താമസിക്കാൻ വന്നു.